ലോണാര്‍ തടാകം
ആകാശത്ത് നിന്ന് പതിക്കുന്ന ഉല്‍ക്കകളെക്കുറിച്ച് കേട്ടിട്ടില്ലേ. അത്തരത്തില്‍ ഒരു ഉല്‍ക്ക മഹാരാഷ്ട്രയിലും പതിച്ചു. അവിടെ ഒരു ഗര്‍ത്തം രൂപപ്പെടുകയും കാലം കഴിഞ്ഞപ്പോള്‍ ആ ഗര്‍ത്തം ഒരു തടാകമായി മാറുകയും ചെയ്‌തു.
അടുത്തകാലത്തൊന്നും അല്ല ഈ ഉല്‍ക്കവീണത്. ഏകദേശം 52000 വര്‍ഷം മുന്‍പാണ്. ഏകദേശം 4000 അടി വ്യാസവും 450 അടി താഴ്ചയുമുണ്ട് ഈ തടാകത്തിന്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ജെ ഇ അലക്‌സാണ്ടറാണ് ഈ തടാകം കണ്ടെത്തിയത് എന്ന് കരുതപ്പെടുന്നു.
പുരാണങ്ങളില്‍ സ്‌കന്ദപുരാണത്തിലും പദ്മപുരാണത്തിലും അയിന ഇ അക്ബാരിയിലും പരാമര്‍ശിക്കപ്പെടുന്ന തടാകം ലോണാര്‍ തടാകമെന്നാണ് കരുതുന്നത്. കൃഷ്ണശിലയില്‍ തീര്‍ക്കപ്പെട്ടിരിക്കുന്നതും ഉപ്പുവെള്ളം നിറഞ്ഞതുമായ ലോകത്തെ ഒരേയൊരു തടാകം എന്നാണ് ലോണാര്‍ തടാകം അറിയപ്പെടുന്നത്.
കനത്ത കാടിനാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ് ലോണാര്‍ തടാകം. ഈ കാടുകളില്‍ നിരവധി പക്ഷിമൃഗാദികളെ കാണാം. മൂങ്ങ, താറാവ്, മയില്‍ തുടങ്ങിയവയാണ് ഇവിടെ അധികമായും കാണപ്പെടുന്ന പക്ഷികള്‍. തടാകത്തിനുള്ളില്‍ ജീവജാലങ്ങളോ സസ്യലതാധികളോ ഇല്ല. മൂന്ന് കിലോമീറ്റര്‍ അകലത്തിലായി കമല്‍ജ മാതാ ക്ഷേത്രവും ലോനാര്‍ സരോവരവും കാണാം.
തടാകത്തിന് അരികിലായി ദൈത്യസുതന്റെ ഒരു ക്ഷേത്രവും കാണാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്ഷേത്രവും ഈ തടാകവും കാണുന്നതിനായി സഞ്ചാരികള്‍ എത്തിച്ചേരുന്നു. ഖജുരാവോ ക്ഷേത്രങ്ങളുടെ ഓര്‍മകളുണര്‍ത്തുന്ന മനോഹരമായ ക്ഷേത്രമാണ് ഈ ക്ഷേത്രം.
ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ മഹാവിഷ്ണുവിന് സമര്‍പ്പിച്ചുകൊണ്ടാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ചാലൂക്യരാജാക്കന്മാരുടെ ഭരണകാലത്തായിരുന്നു ഇത്. ഹേമദ്പതി നിര്‍മാണശൈലിയാണ് ക്ഷേത്രനിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ലവണാസുരന്‍ എന്നും ലോണാസുരന്‍ എന്നും പേരുള്ള ഒരു രാക്ഷസന്‍ ഇവിടെ ജീവിച്ചിരുന്നു. അയാള്‍ ജനങ്ങളെ നിരന്തരമായി ഉപദ്രവിച്ച് തുടങ്ങിയപ്പോള്‍ ഭഗവാന്‍ വിഷ്ണു ദൈത്യസുതനായി ഇവിടെ അവതരിച്ച് രാക്ഷസനെ നിഗ്രഹിച്ചു എന്നാണ് വിശ്വാസം.
ഔറംഗബാദാണ് ലോനാറിന് സമീപത്തുള്ള പ്രധാനപ്പെട്ട ടൗണ്‍. 145 കിലോമീറ്റര്‍ അകലത്തിലാണിത്. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. പൂനെ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഇവിടെനിന്നും ബസ്സ് സര്‍വ്വീസുണ്ട്.
No comments:
Post a Comment