this my blog

this my blog
this my blog

Tuesday, 27 September 2016

നിങ്ങളില്ലെങ്കിലും... സൂര്യൻ ഉദിക്കാതിരിക്കില്ല ...ചന്ദ്രൻ പകലിൽ മറയാതിരിക്കില്ല ...കാറ്റ് വീശാതിരിക്കില്ല ... നിന്നോടെ പൂക്കൾ പൂക്കാതിരിക്കില്ല ...മഴ പെയ്യാതിരിക്കില്ല ....പഴയവ മണ്ണിനോട് ചേരാതിരിക്കില്ല പുതിയതിനു ജീവൻ പകർന്നുകൊണ്ട് ...മനുഷ്യവംശം അവസാനിക്കുകയുമില്ല

ഇന്ന് പതിനൊന്നു ദിവസമായി ഞാൻ മരിച്ചിട്ട് ..........ഇപ്പോൾ എന്റെ ശരീരം എല്ലുകളും അഴുകിയ ഇച്ചിരി മാംസം മണ്ണിനോട് കൂടിക്കുഴഞ്ഞതും ആണ്........എനിക്കെന്തോ ഇപ്പോഴെങ്ങോട്ടും പോകണം എന്ന് തോന്നുന്നില്ല ,പക്ഷെ എന്തോ എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നല്ലോ....
എന്റെ ഫോട്ടോയുടെ മുന്നിൽ ലൈറ്റ് കത്തുന്നു ... എന്റെ ശരീരം മാത്രം ആണ് പോയത് ...ഓർമയിൽ ഇവർക്ക് ഞാൻ രൂപം ഉള്ളതാണ് ...എല്ലാരും കൂടി എങ്ങോട്ടാണ് ...? ഞാനും കേറാം വണ്ടിയിൽ ..,ഓ ഈ റൂട്ട് ആണല്ലോ ..........കുനിശ്ശേരി - ത്രിപ്പാളൂർ- ആലത്തൂർ - പഴമ്പാലക്കോട് - തിരുവില്ല്വാമല ....! വണ്ടി നിന്നു... അപ്പോൾ എന്റെ കർമം ചെയ്യാൻ വന്നതായിരുന്നല്ലേ ...?
എള്ളും... അരിയും കുഴച്ച ഒരു ഉരുള ......എന്റെ പേരും നാളും ചൊല്ലി മാറ്റി വെച്ചു.....വാഴയിലയിൽ പിന്നെയും രണ്ടുമൂന്നു ഉരുളകൾ ....എനിക്കുമാത്രമല്ല ഇതിനുമുൻപ് കുടുംബത്തിൽ മരിച്ചുപോയ എല്ലാവർക്കും കൂടിയാണ് ബലി... ഞങ്ങൾ മരിച്ചവർ ..മിഥ്യകൾ ... ജീവിച്ചിരിക്കുന്നവരുടെ ഓർമകളിൽ മാത്രം ജനിക്കുന്നവരാണല്ലോ ....
കുറച്ചു പൂക്കൾ എല്ലാരുടെ കയ്യിലും ഉണ്ടല്ലോ.... പണ്ട് ബാക്കിവരുന്ന പൊടിയരിയും ,റേഷനറിയും ചേർത്ത് അരച്ച് ഉണ്ടയുണ്ടാക്കി നടുവിൽ ശർക്കരയും ,തേങ്ങയും ഇട്ടു ആവിയിൽ വേവാൻ വെച്ച് അച്ഛമ്മകൊണ്ടുത്തരുന്ന പലഹാരത്തിന്റെ ഓർമ വന്നു അപ്പോൾ
അതെല്ലാം കൂടെ നിളയിലേക്ക് വലിച്ചറിഞ്ഞു അവർ കര കേറുന്നു...അതെ എന്റെ ഓർമയുടെ അവസാനം ......മഴവെള്ളം ഒലിച്ചിറങ്ങി കുത്തിയൊലിക്കുന്ന ഭയാനകമായ വെള്ളത്തോടൊപ്പം ആ പൂക്കളും ഒഴുകിപ്പോകുന്നു.... ആണ്ടിലൊരിക്കൽ കരകവിയുന്ന നിളയുടെ ആഴങ്ങളിലേക്ക് എന്റെ ഓർമപ്പൂക്കൾ അകന്നു പോയിക്കൊണ്ടിരുന്നു
അവരൊക്കെ കേറിയപ്പോൾ വണ്ടി നീങ്ങിത്തുടങ്ങി .....ഞാൻ എവിടേക്ക് പോകും ...? കർമം ചെയ്തോഴുക്കിവിട്ട പൂക്കൾക്കൊപ്പമോ.... ? അതോ ഫോട്ടോയിൽ കുടിയിരുത്തിയ രൂപത്തിന്റെ അകത്തേക്കോ ......? അതോ മണ്ണിനടിയിലെ എല്ലിൽ കഷണത്തിലെക്കോ ..... ? ഞാൻ വീണു പോകുകയാണല്ലോ ദൈവമേ ...?
******************************************************************************************************
കുറെ നേരമായല്ലോ എന്താണ് ശബ്ദം, ഞാൻ പതിയെ കണ്ണുതുറന്നു
"അയ്യോ ഞാനിതു എവിടെയാണ് ....? "
"പേടിക്കണ്ട ...നീ ഇനി മുതൽ ഇവിടെ ആണ് ..."
'നിങ്ങൾ ആരാ "?
"എന്നെ നീ എന്ത് വേണേലും വിളിച്ചോ .... കാലൻ എന്നോ ,പിശാശ് എന്നോ ,സ്വർഗം എന്നോ നരകം എന്നോ ...ദൈവം എന്നോ ..."
"അപ്പോൾ നിങ്ങളാണോ ദൈവം "?
"അതെ"
"നിങ്ങൾക്കെന്താ മനുഷ്യ രൂപം ..."
"എനിക്ക് എന്ത് രൂപം വേണം എന്ന് തീരുമാനിച്ചത് നിങ്ങളല്ലേ ...? എന്നെ നിങ്ങൾ മനുഷ്യ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നു ....അതാണ്‌ നിങ്ങൾക്ക് പരിചയം ...അതോണ്ടാണ് ഈ രൂപം "
"നിങ്ങൾ ഹിന്ദു ദൈവം ആണോ "?
"അതും നിങ്ങൾ അല്ലെ തീരുമാനിച്ചത്.......ഞാൻ ഒന്നേ ഉള്ളൂ ,ഒരു രൂപവും , ഒരു ഭാവവും ,പക്ഷെ നിങ്ങൾക്കത് അഞ്ജാതമായതിനാൽ നിങ്ങൾ എനിക്ക് മതങ്ങൾ നൽകി രൂപങ്ങൾ നല്കി ,കടമകൾ നല്കി ....''
"അപ്പോൾ അതൊന്നും ഒന്നുമല്ലെന്നോ ...? നിങ്ങടെ പേരിലല്ല ദൈവമേ ഞങ്ങടെ ആൾക്കാർ തമ്മിൽത്തല്ലുന്നത് "?
"അല്ല ....വിവേകം കൂടിപ്പോയി കുഴപ്പമാണ് നിങ്ങൾക്ക് "
"ഉം "
"നീ എന്തിനു ഇവിടെ വന്നൂ ?"
"എനിക്ക് ജീവിച്ചു മടുത്തു "
"പിന്നെന്താണ് നീ കരയുന്നത് ,,,, "
"എനിക്ക് ജീവിക്കാൻ തോന്നുന്നൂ ..."
"ഞാൻ ഒറ്റക്കാണ് എന്ന് വിചാരിച്ചു അതാണ്‌ മരിച്ചത് ...പക്ഷെ അന്ന് എല്ലാവരും വന്നപ്പോൾ........... എനിക്ക് എല്ലാരും ഉണ്ടായിരുന്നു ലെ ...ന്റെ തെറ്റായിരുന്നു ,"
"അതെ നിന്റെ തെറ്റ് തന്നെ "
"എനിക്കൊരു ജന്മം കൂടിത്തരുമോ ..."?
'എന്തിനാണ്.....ഇനിയും മരിക്കാനോ ,,"
" ശവത്തിൽ കുത്തല്ലേ ദൈവമേ ....എനിക്കിപ്പോൾ അറിയുന്നു ജീവിതം എന്തെന്ന് ..."
"ഒരിക്കലും ഇല്ല ....നിനക്കതിനുള്ള യോഗ്യതയില്ല .....നീ അതുകണ്ടോ ...? ദൈവം കൈ ചൂണ്ടിയിടത്തേക്കു ഞാൻ നോക്കി ....
എത്രപേരാണ് ഓരോ ദിവസവും അപകടങ്ങളിൽ ഇവിടെ എത്തിച്ചേരുന്നത്...? , അവരുടെ തെറ്റുകൊണ്ടാണോ...." പ്രതീക്ഷകളോടെ പോകുമ്പോൾ കണ്ണടച്ച് തുറക്കുന്ന നേരത്തിനുള്ളിൽ എല്ലാം തീർന്നവർ ...
..........................................................
അതുകണ്ടോ അബോർഷൻ നടത്തി ഇവിടെ എത്തിയ വിടരും മുന്നേ കൊഴിഞ്ഞവർ ..ആരുടെയൊക്കെയോ പാപഫലങ്ങൾ ,......അവരുടെ തെറ്റാണോ ?
അപ്പുറത്ത് കണ്ടോ കുഞ്ഞുങ്ങൾ...ഓരോ അസുഖം കൊണ്ട് ഇവിടെ എത്തിയവരാണ് ... ജീവിതമെന്തെന്നു അറിയും മുൻപേ ...അവരിലോരോരുത്തരും മണ്ണിലേക്ക് പിറന്നുവീണതു ഒരായിരം സ്വപ്നങ്ങളുടെ ഫലമായാണ് .....അവരുടെ കുറ്റം കൊണ്ടാണോ .....?
.......................................
അതുകണ്ടോ നീ ജീവിക്കുന്ന നാടിനു വേണ്ടി ജീവൻ കൊടുത്തവർ ...നിന്നെയൊക്കെ സംരക്ഷിക്കാനായി സ്വയം ഇല്ലാതാവുമെന്നറിഞ്ഞിട്ടും പോരാടിയവർ ...?
അങ്ങോട്ട് നോക്കൂ ...നിനക്കൊരിക്കലും വരുത്താത്ത വേദനങ്ങൾ നിറഞ്ഞ രോഗങ്ങൾ അവർക്കു ഞാൻ കൊടുത്തപ്പോൾ ഇവിടെയെത്തിയർ...?
ഇവരൊക്കെ ഇവിടെ ഉണ്ടാകുമ്പോൾ നിനക്ക് മാത്രം ഞാനെന്തിനു ഇനിയൊരു ജന്മം തരണം ?
എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു ദൈവത്തിനു മുന്നിൽ , തല താഴ്ത്തിനിന്നു ......ദൈവം തുടർന്നു
നിനക്ക് എന്തിന്റെ കുറവായിരുന്നു ....? ആവശ്യത്തിനു വിദ്യാഭ്യാസം, നല്ല കുടുംബം ,ബന്ധുക്കൾ ,,സുഹൃത്തുക്കൾ .... പിന്നെയും ഇങ്ങനെ ചെയ്തു ...?
നീ അതുകണ്ടോ ...?
ഞാൻ അവർക്ക് കൈ കൊടുത്തില്ല ......കാലുകൊണ്ട്‌ അവർ ജീവിച്ചു
ഞാൻ അവർക്ക് ശബ്ദം കൊടുത്തില്ല അവർ കെട്ടും ആംഗ്യത്തിലൂടെയും ,അക്ഷരങ്ങളിലൂടെയും അവർ ജീവിച്ചു
ഞാനവർക്ക് കണ്ണുകൊടുത്തില്ല ...കേട്ടുകൊണ്ടവർ ജീവിച്ചു
ഞാനവർക്ക് നിന്നെപ്പോലെ ആരോഗ്യമുള്ള ശരീരം കൊടുത്തില്ല ..അനാരോഗ്യങ്ങളെയും വേദനകളെയും മറികടന്നു അവർ ജീവിച്ചു
അവർക്കു ഞാൻ മാറാ വ്യാധികൾ കൊടുത്തു...മണ്ണിൽ നിന്നും പോവാൻ മനസ്സില്ലാതെ അവരതിനെ അതിജീവിച്ചു
ഞാനവർക്ക് ഉറ്റവരെ നൽകിയില്ല ...ജീവിതത്തിനിടയ്ക്കു എന്നെങ്കിലും കണ്ടുമുട്ടുന്ന പ്രിയപ്പെട്ടവരുണ്ടെന്ന് അവർ സമാധാനിച്ചു
ഞാൻ അവർക്ക് വിദ്യാഭ്യാസം കൊടുത്തില്ല ...അവർ പണിയെടുത്തു ജീവിച്ചു
ഞാനവർക്ക് വൈധവ്യം നൽകി ...മക്കൾക്ക് വേണ്ടിയവർ ജീവിച്ചു
അവർക്കു ഞാൻ മക്കളെ നൽകിയില്ല ...അവർ പരസ്പരം സഹകരിച്ചു ജീവിച്ചു
അവർക്കു ഞാൻ ഭക്ഷണം നൽകിയില്ല ...മുണ്ടുമുറുക്കിയുടുത്തവർ ജീവിച്ചു
എല്ലാം തന്നു നിന്നെ അയച്ചപ്പോൾ നിനക്ക് കിട്ടിയത് പോരാതെ ആയല്ലേ ...?
നിന്റെ കുടുംബം നീ കണ്ടോ ... നിന്നോട് എന്ത് സ്നേഹമായിരുന്നു ,പക്ഷെ നീ തിരഞ്ഞത് അവരിലെ ദേഷ്യം മാത്രം.......നിന്റെ സുഹൃത്തുക്കൾ കണ്ടോ .... നിന്റെ സഹോദരങ്ങൾ ... അവരെല്ലാം നിന്നെ മറന്നു തുടങ്ങിയിരിക്കുന്നു .... അതുകണ്ടോ ഇന്ന് നിന്റെ അനിയന്റെ വിവാഹം ആണ്...........ഇപ്പോൾ നീ അവിടെ വേണ്ടതല്ലേ ?????
അതുകണ്ടോ നീ ഒരുപാട് ഇഷ്ട്ടപെട്ട നിന്റെ പ്രണയം ......കയ്യിലൊരു വാവയേയും കണ്ടോ ...നീ ഉണ്ടെങ്കിൽ അതിന്റെ അമ്മ നീ ആയിരിക്കില്ലേ .....??????
അങ്ങോട്ട്‌ നോക്ക് നിന്റെ അമ്മ ഇത്രനാളും എത്ര കഷ്ട്ടപെട്ടു വീട്ടിലെ പണിയൊക്കെ ചെയ്യാൻ....? പെണ്മക്കൾ വളർന്നാൽ അമ്മയുടെയും ആൺമക്കൾ വളർന്നാൽ അച്ഛന്റെയും കയ്യാറുമെന്നു പറഞ്ഞു കേട്ടിട്ടില്ലായിരുന്നോ നീ ? പിന്നെ നിന്റെ മരണം ചുറ്റി വളച്ചു കഥകൾ വന്നപ്പോൾ അവർ എത്രെ വിഷമിച്ചു എന്നറിയാമോ ...?
അതെ നീ സ്വാർത്ഥ ആയിരുന്നു നിന്റെ കാര്യത്തിൽ ......നാളെ നിന്റെ ഫോട്ടോ വീട്ടിൽ നിന്ന് മാറ്റും ...നിന്റെ അമ്മയ്ക്കും അച്ഛനും സഹോദരങ്ങൾക്കുമേ നിന്നെയറിയൂ വരുന്ന മരുമകൾക്കും നാട്ടുകാർക്കും നീയൊരു കെട്ടുകഥ മാത്രമാണ് ... അതോടെ കഴിഞ്ഞു നീ ...... പിന്നെ നീ എവിടെയും ഇല്ല ..... നിന്നെ ഓർക്കാൻ നിന്നിൽ ഒരു പിന്തുടർച്ചയും അവശേഷിപ്പിച്ചിട്ടില്ല ...
ഇതാണോ നീ നിന്നെ നോക്കി വളർത്തിയെ വീടിനും ..... സംരക്ഷിച്ച സമൂഹത്തിനും നല്കിയ പ്രതിഫലം ...?????? ഓരോ ജന്മങ്ങൾക്കും ഓരോ കർത്തവ്യങ്ങളുണ്ട് അത് മറന്നാൽ പിന്നെ മനുഷ്യഗണത്തിൽ എങ്ങനെ പെടുത്തും ഞാൻ ...?
നിന്റെ സുഹൃത്താണോ നിന്റെ പ്രശ്നം ...അവൾ ജീവിക്കുന്നു സന്തോഷമായി ..,നീയോ ??????
ജീവിതത്തെ പേടിച്ചു തോറ്റൊടിയവൾ........ ജീവിച്ചു കാണിക്കണമായിരുന്നു..... പിന്നെ നീ വെറുത്തു നിന്റെ പിതാവിനെ ......,നിന്നെ ഓമനിച്ചു നടന്ന മനുഷ്യൻ ......., മദ്യം അയാളെക്കൊണ്ട് ചെയ്യിപ്പിച്ചു ഇങ്ങനെ .... ,കണ്ടോ നിന്റെ കുടുംബം അയാൾക്ക്‌ ഇപ്പോൾ മാപ്പ് കൊടുത്തിരിക്കുന്നു .... ഇപ്പോൾ നീയെവിടെ ആവശ്യമായിരുന്നില്ലേ ...? ആ ഏറ്റുപറച്ചിലുകൾ പറഞ്ഞേനെലോ ...ആ കണ്ണുനീർ തുള്ളികൾ ചെയ്തേനെലോ നിന്നോട് പ്രായശ്ചിത്തം
തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല കുട്ടി ...പക്ഷെ ക്ഷമിക്കാനും ,പശ്ചാതപിക്കാനും ,പിണങ്ങാനും, ഇണങ്ങാനും കഴിയുന്നവരാണ് മനുഷ്യൻ ,...അപ്പോൾ നിന്നെ എന്ത് വിളിക്കണം....?
ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് നിന്റെ ആത്മാഭിമാനം ആണ്......ഉത്തരം നിന്റെ മരണം എന്ന് നീ പറഞ്ഞു.........പക്ഷെ അതുതെറ്റെന്നു കാലം തെളിയിച്ചു .... അവിടെനിന്റെ നിരപരാധിത്തം നിന്നോടൊപ്പം പോയി ....ആർക്കും ഉപകാരമില്ലാത്തൊരു ജന്മം ...!
നീയതുകൊണ്ടോ പ്രണയനൈരാശ്യം കാരണം ജീവിതം കളഞ്ഞവർ .....? എന്തിനു വേണ്ടി ആയിരുന്നു...? ആർക്ക് വേണ്ടി.....???? ഇവർക്കൊക്കെ വേണ്ടി കഷ്ട്ടപെടുന്നവരെ ഓർത്തോ???? ഇവർക്ക് കിട്ടാത്തതിനെ കുറിച്ചുമാത്രം ചിന്തിച്ചു ... നിന്നെപ്പോലെ ഈ ലോകത്തിൽ അവരുടേതായി ഒന്നുമാവശേഷിപ്പിക്കാതെ പോയവർ ... ആരെങ്കിലും വേദനിച്ചു കരയുമെന്നാണെങ്കിൽ തെറ്റിപ്പോയി ...കാലം മായ്ക്കാത്ത മുറിവുകൾ കുറവാണ് ..
മനസ്സിലാണ് പ്രണയം വേണ്ടത്.....അതുപോകുമ്പോൾ മരിക്കുന്നവർ മറക്കുന്ന ഒന്നുണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ട്ടപെടുന്നവരുടെ മുന്നിൽ അവർക്ക് പുല്ലു വില പോലും ഉണ്ടാവില്ലെന്ന് ....നിനക്കും ... ഈലോകം കാത്തിരിക്കുകയാണ് നിങ്ങള്ക്ക് വേണ്ടി .. അപ്പോൾ അതുപേക്ഷിക്കുന്നതിൽ എന്തർത്ഥം ...
ഒരു ജന്മമേ ഉള്ളൂ ഭൂമിയിൽ..... ആകാശത്തോളം പ്രശ്നങ്ങൾ ഉണ്ടാകും അത് അതിജീവിച്ചു ജീവിക്കുന്നവരാണ് വിജയി ........,നീ തോൽവിയാണ് ........ഒരിക്കലും ജയം ഇല്ലാത്ത ഒരുവൾ .... നീ ദ്രോഹിയാണ് ........നിന്നെ സൃഷ്ട്ടിച്ച എനിക്ക് നീ തന്ന ശിക്ഷ , നിന്റെ തിരിച്ചു വരവ് ... " ദൈവം പറഞ്ഞവസാനിപ്പിച്ചു ...മറുപടി പറയാനാവാതെ ഞാൻ മുഖം താഴ്ത്തി
'ഇപ്പോഴായിരുന്നു ഞാൻ ശരിക്കും മരിച്ചത് ........!'
(ജീവന്റെ വിലയറിയാതെ പത്രങ്ങളിൽ വാർത്ത മാത്രമായിപ്പോകുന്ന ജന്മങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു....വെറുതെ എന്റെ അടുപ്പക്കാരുടെ പേര് വെച്ചിട്ടുണ്ടെന്നേ ഉളളൂ ട്ടോ ... ഒരേ ഒരു ജീവിതം ...ഇനിയൊരു പുനർജന്മമുണ്ടോ എന്നുപോലും അറിയില്ല ..അത് വെറുതെ നശിപ്പിച്ചു കളയുന്ന വിഡ്ഡികൾ ആവും മുൻപൊന്നു ചിന്തിക്കണം
പ്രിയപ്പെട്ടവരേ കുറച്ചു നാളേയ്ക്ക് വേദനിപ്പിക്കാൻ മാത്രമേ അതിലൂടെ സാധിക്കുന്നുള്ളൂ ...അതിനുശേഷം അവരും മറന്നു തുടങ്ങും ..അല്ലെങ്കിൽ നിങ്ങൾ മരിക്കുമ്പോൾ കൂടുതൽ ലാഭം അവർക്കു തന്നെയല്ലേ ...ഒരുപിടി ചോറിന്റെ എങ്കിലും ലാഭം ...മണ്ണിനു ലാഭമാണ് നിങ്ങളും നിങ്ങളുടെ പിന്തുടർച്ചക്കാരും ഉണ്ടാക്കുന്ന മാലിന്യങ്ങളിൽ നിന്നും ...സമൂഹത്തിനു ലാഭമാണ് ...നിങ്ങൾക്ക് വേണ്ടി മാറ്റി വെക്കപ്പെടേണ്ട ആനുകൂല്യങ്ങളിൽ നിന്ന്
നിങ്ങളില്ലെങ്കിലും... സൂര്യൻ ഉദിക്കാതിരിക്കില്ല ...ചന്ദ്രൻ പകലിൽ മറയാതിരിക്കില്ല ...കാറ്റ് വീശാതിരിക്കില്ല ... നിന്നോടെ പൂക്കൾ പൂക്കാതിരിക്കില്ല ...മഴ പെയ്യാതിരിക്കില്ല ....പഴയവ മണ്ണിനോട് ചേരാതിരിക്കില്ല പുതിയതിനു ജീവൻ പകർന്നുകൊണ്ട് ...മനുഷ്യവംശം അവസാനിക്കുകയുമില്ല ...
വെറും തെറ്റിദ്ധാരണകളിൽ കുടുങ്ങി ജീവിതം വേണ്ടെന്നു വെക്കും മുൻപ് മനസ്സിലാക്കണം ഇതുപോയാൽ വേറൊന്നു കിട്ടുമെന്ന് പറയാൻ ജീവൻ സൂപ്പർ മാർക്കറ്റിലെ വില്പനച്ചരക്കല്ല ...സ്വയം വിലയില്ലാതായി മാറുന്നവർ ചിന്തിക്കട്ടെ ഇനിയും തുടർച്ചകൾ വേണമോ എന്ന് ....)

വിദ്യ പാലക്കാട്‌

No comments:

Post a Comment