this my blog

this my blog
this my blog

Tuesday, 20 September 2016

പ്രവാസിയുടെ ഭാര്യ........ പെണ്ണെ, നീയില്ലായിരുന്നെങ്കിൽ എന്നിലെ എന്നെ ഞാൻ എന്നേ കൈവിട്ടേനെ,

               
                         

                              പ്രവാസിയുടെ ഭാര്യ


" നീയവിടെ എന്തെടുക്കുകയാ ജോലിയുടെ ഇടയിൽ സമയമുണ്ടാക്കി വിളിക്കുമ്പോൾ നിനക്ക് ആ ഫോൺ ഒന്നെടുത്താലെന്താ?? " അങ്ങേത്തലയിൽ മൗനം.
" നിനക്കൊന്നും പറയാനില്ലേ?? " ദേഷ്യം പുകഞ്ഞു പൊങ്ങുന്നു.
" മോൾക്ക് പനിയാ അച്ചേ അവള് കരച്ചില് തന്നെയാണ്, ഞാനെന്താ ചെയ്യേണ്ടത്? നിങ്ങളോട് കൊഞ്ചിക്കൊണ്ടിരിക്കണോ !! "
മൂക്കിന്റെ അറ്റത്ത് വന്ന് വിറച്ച് നിന്ന ദേഷ്യം എങ്ങോ പോയി ഒളിച്ചത് പോലെ. അങ്ങേത്തലക്കൽ ഒരു തേങ്ങൽ കേൾക്കുന്നുണ്ട് ഒന്നും പറയാനാവാതെ ഞാനും. കുറ്റബോധമോ അതോ ദേഷ്യപ്പെടാൻ കഴിയാഞ്ഞതിന്റെ നഷ്ടബോധമോ എന്നറിയില്ല ഞാനൊന്നും മിണ്ടിയില്ല.. കുഞ്ഞിന്റെ പനി അവളെന്നോട് പറഞ്ഞില്ല എന്തിനാ വെറുതെ ദൂരെയിരിക്കുന്നവരെ വിഷമിപ്പിക്കുന്നത് എന്ന് കരുതിക്കാണും, പാവം എന്നിട്ടും ഞാനിങ്ങനെ വെറുതെ ഒച്ചയുണ്ടാക്കി. കല്യാണം കഴിഞ്ഞ് നാലാം മാസം തികയുന്നതിന്റെ അന്ന് തനിച്ചാക്കി പറന്നപ്പോൾ മുതൽ വിരഹ വേദനയെ ചിരി കൊണ്ട് മറച്ചു പിടിക്കാൻ പാഴ്ശ്രമം നടത്തുന്നവൾ!! കണ്ണിൽ നിന്ന് മാഞ്ഞെങ്കിലും മടങ്ങി വരവിന്റെ ദിവസത്തേക്ക് വഴിക്കണ്ണെറിഞ്ഞ് ദിവസങ്ങൾ കൂട്ടിക്കിഴിച്ച്‌ കാത്തിരുന്നവൾ. എന്റെ ശബ്ദമൊന്ന് മാറിയാൽ മുഖം മങ്ങുന്നവൾ എന്നിട്ടും ഞാനവളെ വെറുതെ.........
കണ്ണീർ തുടച്ച് കൊണ്ട് അച്ച പറ എന്നവൾ പറഞ്ഞപ്പോൾ ഞാൻ വാക്കുകൾക്ക് പരതുകയായിരുന്നു!!
" മോൾക്ക് ഇപ്പൊ എങ്ങനെയുണ്ട് ?" 
" വലിയ ചൂടൊന്നുമില്ല, എന്നാലും പനിയുടെ ബുദ്ധിമുട്ടുകളുണ്ട്, ഭയങ്കര കരച്ചിലും കൈയ്യിൽ നിന്ന് മാറുന്നുമില്ല "
കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ പത്ത് മിനിറ്റ് കുഞ്ഞിനെ കൈയ്യിൽ പിടിച്ചു നടക്കുമ്പോഴേക്കും ഞാൻ അവളുടെ മുഖത്തേക്ക് നോക്കും, എന്നെ കൊണ്ട് കഴിയില്ല കുറെ നേരം കുഞ്ഞിനെ എടുത്ത് നടക്കാൻ ," ഇങ്ങ് താ ഞാൻ എടുക്കാം " എന്നും പറഞ്ഞ് അവള് കുഞ്ഞിനെ വാങ്ങുമ്പോൾ അവൾക്ക് ഇയാളിതെന്ത് മനുഷ്യനാ എന്ന് ചിലപ്പോ തോന്നിക്കാണും എന്നാലും പുറത്ത് കാണിച്ചിട്ടില്ല അപ്പൊ പിന്നെ പനി പിടിച്ച കുഞ്ഞ് കൈയ്യിൽ നിന്നിറങ്ങാതിരുന്നാൽ എങ്ങനെയുണ്ടാവും!! കൈ കുഴഞ്ഞാലും അമ്മക്ക് കുഞ്ഞിനെ കളയാനാവില്ലല്ലോ.
"സാരമില്ല അച്ചേ, ഈ പനി രണ്ട് ദിവസം കഴിയുമ്പോൾ മാറിക്കോളും"
"നീയിന്നലെ ഉറങ്ങിയോ? വിഷയം മാറ്റാൻ ഞാൻ വെറുതെ ചോദിച്ചു 
"ഹ്മ്മ് ഉറങ്ങി " ആ ഉത്തരത്തിൽ തന്നെയുണ്ടായിരുന്നു ഉറങ്ങിയിട്ടില്ലെന്ന്, എനിക്കറിയുന്ന പോലെ അവളിലെ അവളെ ആർക്കുമറിയില്ലല്ലോ!! സമയം കണ്ടെത്തി ഉറങ്ങിയിരുന്ന കൂട്ടാരി ഇപ്പൊ ഉറക്കമില്ലാതെ തൂങ്ങിയ കണ്ണുകളുമായി അലസമായ് നടക്കുന്നുണ്ടാവും. പരാതികളില്ലാതെ പരിഭവം പറയാതെ അവളങ്ങനെ കൂടെ നടക്കും. നിഴല് പോലും കൂട്ട് വരാൻ മടിക്കുന്ന ജീവിതത്തിന്റെ താഴ്‌വാരങ്ങളിൽ ഞങ്ങളങ്ങനെ.....
" അച്ച ഇങ്ങ് വാ, ഒന്നുമില്ലെങ്കിലും നമുക്കെന്തെങ്കിലും ചെയ്ത് ജീവിക്കാം, സമ്പാദ്യമൊന്നും വേണ്ട. നമ്മുടെ കുഞ്ഞുങ്ങളെയും കണ്ട്, അവരുടെ കളിചിരികളിൽ കൂട്ടുക്കൂടി നമുക്കും ജീവിക്കാം " അവളെപ്പോഴും പറയുന്ന ഈ വാക്കുകൾ വീണ്ടും പറഞ്ഞപ്പോൾ എന്തോ ഒരു കുളിർ കാതിൽ തേന്മഴയായി പെയ്യുന്നു. പക്ഷെ പെട്ടന്നങ്ങോട്ട് പോകാൻ കഴിയില്ലല്ലോ. പ്രതീക്ഷകളുടെ ഭാരം പേറി ജീവിക്കാൻ വിധിക്കപ്പെട്ട പ്രവാസിയുടെ തീരാ നൊമ്പരങ്ങളുടെ പങ്ക് പറ്റി ജീവിക്കാൻ പ്രവാസിയുടെ ഭാര്യ പഠിച്ചെ പറ്റൂ, അവൾക്കത് കഴിയുന്നുണ്ട്.. ഇത്തിരി നാളുകൂടെ കാത്തിരുന്നേ മതിയാവൂ പ്രണയമേ.. ജീവിത യാഥാർത്ഥ്യങ്ങളോട് യുദ്ധം ചെയ്യുന്നവർ ഇടക്കെപ്പോഴെങ്കിലും കരഞ്ഞു പോകും അത് പ്രകൃതിയുടെ സന്തുലനമാണെന്ന് നിനക്കറിയില്ലേ പൊട്ടിക്കാളി!!
വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെ ജീവിക്കാൻ അവൾ പഠിച്ചിരിക്കുന്നു, നടക്കാൻ സാധ്യതയില്ലാത്ത ആഗ്രഹങ്ങൾ മുന്നോട്ടുള്ള യാത്രയിൽ ബാധ്യതയാവും എന്ന് വെറുതെ പറഞ്ഞതാ അവളോട്‌ പക്ഷെ അവൾക്കതിൽ സങ്കടമില്ലായിരുന്നു എന്റെയും അവളുടെയും ആഗ്രഹങ്ങൾ ചേർത്ത് ഞങ്ങളുടെ ആഗ്രഹങ്ങളാക്കി ഏതോ താഴ്വരയിൽ ഞങ്ങൾ ഉപേക്ഷിച്ചിരുന്നു ഇനിയെപ്പോഴെങ്കിലും പോകുമ്പോൾ അതവിടെയുണ്ടോ എന്ന് നോക്കണം, ചിലപ്പോൾ കാണുമായിരിക്കും!! ഇല്ലെങ്കിലും പോണാൽ പോകട്ടും പോടാ എന്ന് പാട്ടും പാടി നമ്മൾ പോരും ല്ലെടി?? ദേഷ്യത്തിൽ തുടങ്ങി പരിണയത്തിൽ അവസാനിക്കാനായി മാത്രം യോജിപ്പിക്കപ്പെട്ടത് പോലെ ഞങ്ങളിലുള്ള നൂൽ രേഖകൾ പൊട്ടിക്കാതെ കാലം ചേർത്ത് പിടിച്ചിരിക്കുന്നു.
പെണ്ണെ, നീയില്ലായിരുന്നെങ്കിൽ എന്നിലെ എന്നെ ഞാൻ എന്നേ കൈവിട്ടേനെ, അതല്ലങ്കിലും അങ്ങനെയല്ലേ ചേരേണ്ടതല്ലേ പ്രകൃതിയിലും കൂടിച്ചേരു.
എടീ മാക്രി പറഞ്ഞ് പറഞ്ഞങ്ങനെ നിന്നാൽ സമയം പോകുന്നതറിയില്ല. നീ ഫോൺ വെച്ചോ, പോയി കുഞ്ഞിനെ നോക്ക് ഞാൻ പിന്നെ വിളിക്കാമെന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്യുമ്പോൾ അങ്ങേത്തലയിൽ നിന്ന് വിധിയോടുള്ള പരിഭവങ്ങൾ ഞാൻ കേട്ടില്ല, നാളെയെ കുറിച്ചുള്ള സുന്ദര സ്വപ്‌നങ്ങൾ ഞാൻ കണ്ടില്ല, പകരം ഇന്നിനെ കുറിച്ചുള്ള സത്യങ്ങൾ അംഗീകരിക്കുന്ന ഭാര്യയെ ഞാൻ കാണാതെ കണ്ടു, എല്ലാം ശരിയാകുമെന്ന മൃദുസ്വരവും കേട്ടു.
ആരും കാണാതെ കരയാനറിയുന്ന, മനസ് തുറന്ന് സ്നേഹിക്കാനറിയുന്ന ഭർത്താവാകാൻ , കൂട്ടുകാരനാവാൻ, മകനാവാൻ, ആങ്ങളയാവാൻ, അനിയനാവാൻ ഇത്തിരി ഒത്തിരി വലിയ ആഗ്രഹം സഫലീകരിക്കാൻ
തിരികെ വരാൻ കൊതിക്കുന്ന മനസുമായി...കാത്തു കാത്തിരിക്കുന്നു  ഞാൻ...

No comments:

Post a Comment